തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റി തനിക്കെതിരെ പരാതി നൽകിയതിനു പിന്നിൽ തന്റെ ചില സ്നേഹിതന്മാർ നടത്തിയ ഗൂഢാലോചനയാണെന്നു കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. പരാതിയുടെ പകർപ്പു ലഭിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
അതെല്ലാം സന്ദർഭം വരുമ്പോൾ പുറത്തുപറയും. പ്രതിഭ എന്നൊരാളുമായി ചേർന്നു താൻ ഗൂഢാലോചന നടത്തിയെന്നാണു പരാതിയിലെ ആരോപണം. പ്രതിഭ എന്ന വ്യക്തി ആരാണെന്നു കൃത്യമായി അറിയാതിരുന്നതിനാലാണ് ആദ്യ ദിവസം പ്രതികരിക്കാതിരുന്നത്.
തന്റെ നിയോജക മണ്ഡലത്തിൽ സ്കൂൾ നടത്തിയിരുന്ന വ്യക്തിയാണ് പ്രതിഭ എന്നു പിന്നീട് അറിയാനായി. അവർക്കു സാന്പത്തിക പ്രതിസന്ധിയുള്ളതായും കേട്ടിട്ടുണ്ട്. ചില ആളുകൾ അക്കാര്യം പറഞ്ഞു സമീപിച്ചപ്പോൾ പാർട്ടി നേതാക്കളെ കാണാനാണു പറഞ്ഞത്.
അങ്ങനെ ഒരു സ്ത്രീയുടെ സാന്പത്തിക വിഷയത്തിൽ തനിക്കു ബന്ധമില്ല. പിന്നെന്തിനാണു പോറ്റി തനിക്കെതിരെ പരാതി നൽകിയതെന്നും അറിയില്ല. ആകെ അറിയാവുന്നത് യു .പ്രതിഭയെ മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തനിക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പരാതി കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും ഇടതുപക്ഷത്തിനും മുൻകൈ ഉള്ളതിനാൽ തന്നെ അപമാനിക്കാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.